വെമുലയുടെയും നാട്

               കുഴിച്ചുമൂടിയാലും കിളിർത്തു പൊന്തുന്ന അത്രമേൽ വേരോടിയ ജാതി ചിന്തയെ,  ഇരുപത്തിയൊന്നാം നൂറ്റാണ്ടും പാലൂട്ടി വളർത്തുന്നു. സമൂഹത്തിൻ്റെ സംഘടിത സ്വഭാവത്തെ ഭയക്കുന്നവർ പരോക്ഷമായി ഈ വിവേചനത്തിന്റെ വക്താക്കളായി പ്രവർത്തിക്കുന്നതാണ് കാരണം. ഇതിൻ്റെ പ്രതിഫലനമാണ് നാളെ പ്രകാശിപ്പിക്കുന്ന ഇന്നിന്റെ ക്യാമ്പസുകളെയും മലിനമാക്കുന്നത് . മാറ്റത്തിന്റെ പ്രതീക്ഷയും യുവജനങ്ങളിൽ ആയതുകൊണ്ടാണ് ഈ വിഷയം പ്രസക്തമാകുന്നത് .



നവോത്ഥാനത്തിനൊപ്പം മുറിച്ചു കളഞ്ഞ ജാതി വാൽ ഇന്നും ഒരു വിദ്യാർത്ഥിയെ പല ഫോമുകളിലായി വിടാതെ പിന്തുടരുന്നു . ഉൾ ചേർക്കൽ പ്രഖ്യാപിത ലക്ഷ്യമായി തുടരുമ്പോഴും , നാലു വർഷം 18 ഓളം എസ് സി വിദ്യാർത്ഥികൾ ക്യാമ്പസുകളിൽ അസ്തമിച്ചത് എന്തുകൊണ്ടായിരിക്കും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . സോഷ്യൽ സൈക്കോളജിസ്റ്റുകൾ ആയ ഹെൻട്രി താജ്ഫെലും  ജോൺ ടെർണറും രൂപപ്പെടുത്തിയ സോഷ്യൽ ഐഡന്റിറ്റി സിദ്ധാന്തം ഇതിനോട് ചേർത്ത് വായിക്കാം  . ഒപ്പം മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നത് ചോദ്യോത്തരമായി തുടരുന്നതിലെ വിരോധാഭാസവും . 


രോഹിത് വെമുലയുടെ സ്വപ്നങ്ങൾക്ക് മുന്നിൽ ക്ഷമാപണം എന്നോണം മെഴുകുതിരികൾ കത്തി തീരും പോലെ  , ക്യാമ്പസുകളിലെ ജാതി വിവേചനവും തുടർ കഥയാവുന്നു . മുത്തുകൃഷണൻ അനിത , പായൽ തദ്വി .. ഇങ്ങനേ ഇരുണ്ട ഓർമ്മകൾ ഏറെ . അധികം ദൂരവും കാലവും പിന്നോട്ട് പോവേണ്ടതില്ല . 


കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നാൽപത് ദിവസത്തോളമായി തുടരുന്ന  പ്രതിഷേധ സമരം , സാക്ഷര കേരളത്തിന് ലജ്ജാവഹമാണ് . തുല്യ പൗരത്വം പങ്കിടുന്ന രണ്ട് വ്യക്തികളുടെ  അന്തസ്സും ജീവിത നിലവാരവും നിർണ്ണയിക്കുന്നത് ജാതി ആയി തുടരുന്നതിനെതിരെയാണ് ഈ കലഹം . ഈ വലിയ പ്രശ്നത്തെ അടൂർ എന്ന വ്യക്തിയിലേക്ക് ചുരുക്കുകയും , രാഷ്ട്രീയ  താല്പര്യങ്ങൾക്ക് ഗതി തിരിച്ച് വിടുകയും ചെയ്യുന്നതു കൊണ്ടാണ് ജാതി എന്ന അടിസ്ഥാന പ്രശ്നം പരിഹരിക്കപ്പെടാത്തത് . 


ന്യൂനപക്ഷ ഗവേഷക വിദ്യാർത്ഥികൾക്കുള്ള മൗലാനാ ആസാദ് സ്കോളർഷിപ്പ് നിർത്തലാക്കുന്നതിനെതിരെയുള്ള സമരങ്ങളും ശ്രദ്ധയിൽ പെടേണ്ടതാണ് . കോളേജ് ഫീസ് ,ഹോസ്റ്റൽ ഫീസ് വർദ്ധന , സ്കോളർഷിപ്പ് ചുരുക്കൽ തുടങ്ങിയവയുടെയും പ്രധാന ഇരകൾ SC ,ST തുടങ്ങിയ വിഭാഗക്കാരാണ് . ഇത്തരം  ആനുകൂല്യങ്ങൾ ഉൾ ചേർക്കലിന്റെയും  പ്രാതിനിധ്യത്തിൻ്റെയും ഭാഗമാണ് . എന്നാൽ  സംവരണത്തിനെതിരായി ഒരു പൊതു അഭിപ്രായം രൂപപ്പെടുകയും , ക്ലാസ് മുറികളിലും ഹോസ്റ്റൽ മുറികളിലും , അധ്യാപകർക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ഇവരെ രണ്ടാം തരക്കാരായി മാറ്റിനിർത്തുന്ന കാഴ്ച ഇന്നും പലയിടങ്ങളിലും ഉണ്ട് . കൂട്ടുകാർ  തന്റെ ജാതി അറിഞ്ഞതിൽ മനംനൊന്ത്  ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തത് ഈ സ്റ്റീരിയോ ടൈപ്പിനെ ഭയന്നാവും. ഉത്തർപ്രദേശിലെ ഒരു പഠനവും സമാന കാര്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. വിദ്യാർത്ഥികളുടെ ജാതി വെളിപ്പെടുത്താതെ നടത്തിയ മൂല്യനിർണയത്തിൽ താഴ്ന്ന ജാതിയിലുള്ളവരും ഉയർന്ന സ്ഥാനം നേടി . എന്നാൽ ജാതി കൂടി  ഉത്തരങ്ങൾക്കൊപ്പം ലഭിച്ചപ്പോൾ ,  മികവിനല്ല ഉയർന്ന സോഷ്യൽ ഐഡൻ്റിറ്റിക്കാണ് കൂടുതൽ മാർക്ക് വീഴുന്നത്  എന്നായിരുന്നു  കണ്ടെത്തൽ . 


കലാലയങ്ങളിലെ ജാതി വിവേചനം വിദ്യാർത്ഥികളിലേക്ക് മാത്രം ചുരുങ്ങുന്നതല്ല . താഴ്ന്ന  ജാതിക്കാരായ ഗവേഷക വിദ്യാർത്ഥികളുടെ PhD ബോധപൂർവ്വം വൈകിക്കുന്നു , തുടങ്ങിയ വാർത്തകളും ഉണ്ടായിരുന്നു. ഈയിടെ നേച്ചർ എന്ന ജേണൽ നടത്തിയ പഠനത്തിൽ ഐഐടി  , ഐ ഐ എസ് സി സ്ഥാപനങ്ങളിൽ 98% അധ്യാപകരും ഉയർന്നജാതിക്കാരാണ് എന്ന് കണ്ടെത്തിയിട്ടുണ്ട് . കാൾ സാഗനെ പോലെ ഉയരാൻ കൊതിച്ച വെമുലയുടെ  നാട്ടിൽ ഇന്നും ശാസ്ത്രം ഒരു കുത്തകയായി തുടരുന്നു .അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന ഇത്തരം സ്ഥാപനങ്ങളിലെ  ജാതിവിവേചനങ്ങൾ മാനവിക ശ്രദ്ധയിൽ കൂടി പെടേണ്ടതുണ്ട് . കലാലയങ്ങളിലെ മെസ്സ് ഫുഡിലേക്കും , പ്രണയങ്ങളിലേക്കും ശേഷം അഭിമാനകൊലകളിലേക്കും വരെ ഈ  ജാതി മത വിഭിന്നതകളുടെ വേരോടുന്നു .  


പ്രതിരോധത്തിന്റെ മനുഷ്യ ചങ്ങലയിൽ എല്ലാ മനുഷ്യരെയും സംരക്ഷിക്കേണ്ടത് ആവശ്യമാണ് . ഇന്ത്യയിൽ 1% ജനസംഖ്യ ,  40.5%  ധനം കൈവശം വയ്ക്കുന്നു എന്ന 2022 OXFAM റിപ്പോർട്ടും നമുക്ക് മുമ്പിലുണ്ട് . ഈ സാഹചര്യത്തിൽ കലാലയങ്ങൾ ജാതിക്കെതിരായി സജ്ജമാവണം . കലയിലൂടെ നമുക്ക് സമരം തീർക്കാം. അംബേദ്കർ , പണ്ഡിറ്റ് കറുപ്പൻ തുടങ്ങിയവരെ കൂടി ചർച്ച ചെയ്യാം   . കലാലയ രാഷ്ട്രീയ പരിതസ്ഥിതി  ന്യൂനപക്ഷ പാർട്ടികളെ കൂടി ഉൾച്ചേർക്കണം  . എല്ലാത്തിനും മുകളിൽ വിവേചനങ്ങളെ വെളിച്ചത്ത് കൊണ്ടുവരാൻ , സദാ ശ്രമിക്കുന്ന ഒരു വിദ്യാർഥിക്കൂട്ടം രൂപപ്പെടണം . ആത്മഹത്യ അല്ല മാർഗം , ഇല്ലാതാവേണ്ടത് ഹിംസയാണെന്ന്   ഉറക്കെ പ്രഖ്യാപിക്കുന്നതോടെ  ജാതി ഒരു ന്യൂനപക്ഷ പ്രശ്നത്തിൽ നിന്ന് സാമൂഹിക വിപത്തായി പരിഗണിക്കപ്പെടും . ആദിദ്രാവിഡ ഗ്രാമങ്ങളിൽ മനുഷ്യ മലം കലർന്ന വെള്ളം വിതരണം ചെയ്യുന്ന വാർത്ത കൂടി ചർച്ചയാവുമ്പോൾ , എത്രത്തോളം ജാതി ചിന്ത മനുഷ്യനെ മലിനമാക്കുന്നു എന്ന് തിരിച്ചറിയാം . 

" You cannot build anything on the foundations of caste " 

              Dr .B.R Ambedkar 


 സമത്വത്തിനും സ്വാതന്ത്രത്തിനും വേണ്ടി ശബ്ദിക്കുന്ന യുവാക്കളാണ് ഇനി മാറ്റത്തിൻ്റെ പ്രതീക്ഷ . കലാലയങ്ങൾ നമ്മളിടങ്ങളായി  വികസിക്കട്ടെ . പൂണൂലിട്ടവൻ  പാക്കനാര് കളി കളിക്കട്ടെ .



Comments

Popular posts from this blog

SWINGING IN THE MEMORIES

സാഹിത്യത്തിലെ സ്ത്രീ - സമൂഹത്തിലെയും

ARE THE ENRAGED FARMERS A SIGN FOR A BETTER FUTURE ?