ഇരുപത്തിയൊന്നാം
നൂറ്റാണ്ടും
അംബേദ്കർ വായനയും
(“ സമകാലിക ഇന്ത്യൻ
രാഷ്ട്രീയ സാഹചര്യത്തിൽ അംബേദ്കർ ആശയങ്ങളുടെ പ്രസക്തി” )
'' കാലത്തിന്റെ ക്രമപ്പെടുത്തൽ എന്നതിന് അപ്പുറത്തേക്ക്
ആപത്തിന്റെ നിമിഷങ്ങളിൽ മനസിലൂടെ മിന്നിമായുന്ന ഒരോർമ്മയെ കൈയ്യെത്തി പിടിക്കലാണ് ചരിത്രം ''
.
വാൾട്ടർ ബെഞ്ചമിന്റെ ലഘുവെന്ന് തോന്നിയേക്കാവുന്ന കനമുള്ള നിരീക്ഷണം ആണിത് . 21 - ാം നൂറ്റാണ്ടിൽ സമകാലിക ഇന്ത്യൻ സാഹചര്യത്തിന് ഇത്തരത്തിലുള്ള ഒരു ഓർമ്മയാണ് ''അംബേദ്കർ'' . മുകളിലേക്ക് ആഢ്യത്വവും
താഴേക്ക് മ്ലേഛത്വവും വർധിക്കുന്ന ജാതിയെന്ന ശ്രേണിയെ കീറിമുറിച്ച് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശബ്ദമായി മാറിയ അംബേദ്കർ ആശയങ്ങളാണ് ,
ഇന്നും അപ്രിയ രാഷ്ട്രീയ വികാസങ്ങൾക്ക് നടുവിൽ
വഴികാട്ടിയാവേണ്ടത് .
1891 ഏപ്രിൽ 14 ന് അംബവാഡേക്കർ ആയി ജനിച്ച
ഇദ്ദേഹം അംബേദ്കർ എന്ന ജനങ്ങളുടെ ബാബാസാഹിബ് ആയി വളരുന്നത്
അന്നത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം ദളിതന് അനുകൂലം ആയത് കൊണ്ടായിരുന്നില്ല . മറിച്ച് രാഷ്ട്രീയ – സാമൂഹിക-നിയമ - സാമ്പത്തിക- ധൈഷണിക മേഖലകളിൽ നേടിയ വൈദഗ്ധ്യം
കൊണ്ടും , അതിനപ്പുറത്തേക്ക് വിളക്ക് കാലിൽ തലകീഴായി കെട്ടിത്തൂക്കിയാലും സ്വന്തം ജനതയെ ഒറ്റുകൊടുക്കില്ല എന്ന നിലപാട് കൊണ്ടും കൂടിയായിരുന്നു . അടിച്ചമർത്തപ്പെട്ടവരുടെ വിഷയം കേവലം 'വോട്ട് തന്ത്രം '(vote bank politics ) മാത്രമായി ഒതുങ്ങുന്ന ഇന്ന് , അംബേദ്കർ ശബ്ദം വ്യത്യസ്തമാവുന്നത് ഇവിടെയാണ് .
''Democracy is not merely a form of
government ,It is essentially an attitude of respect and reverence towards
fellowmen ''
- ഡോ.ബി.ആർ .അംബേദ്കർ
(In Annihilation of Caste)
ജനാധിപത്യം, ഏറി വരുന്ന തിരഞ്ഞെടുപ്പ് ചെലവല്ലെന്നും ഭരണകൂടത്തിനും വോട്ടെടുപ്പിനും അപ്പുറത്തേക്ക് ,സഹജീവികളോടുള്ള ആദരവും പരിഗണനയും ആണെന്ന തിരിച്ചറിവാണ് അംബേദ്കർ ഓർമിപ്പിക്കുന്നത് . ഈ ചിന്ത അളവ് കോലാക്കുമ്പോൾ ഇന്ത്യൻ സമകാലിക രാഷ്ട്രീയ സാഹചര്യം ജനാധിപത്യത്തെ പേരും പ്രഹസനവും മാത്രമായി ഒതുക്കുന്നു . ഇന്ത്യയിലെ വംശീയാക്രമണങ്ങളുടെ അതിർത്തി രവിയുടെയും ഉസ്മാന്റെയും കടമുറിയാവുന്നിടം വരെ ഇതെത്തി നിൽക്കുന്നു . അംബേദ്കർ വിശ്വസിച്ച സർവകലാശാലകളിൽ പോലും ഭക്ഷണത്തിന്റെ പേരിൽ അടിയാവുമ്പോൾ ,എന്തിനേറെ, ആന്ധ്രയിലെ അംബേദ്കർ ജയന്തി ആഘോഷങ്ങൾക്ക് ഇടയിൽ സംഘർഷം ഉണ്ടാവുന്നിടത്ത് ജനാധിപത്യത്തിന്റെ നൈതികമാനം നഷ്ട്പ്പെടുകയാണ് . സാഹോദര്യം ആണ് ജനാധിപത്യം എന്നതായിരുന്നല്ലോ അംബേദ്കർ ദർശനം .
''However good a constitution may be ,if those
who are implementing it are not good ,it will prove to be bad '
' എന്ന നിരീക്ഷണവും ഇവിടെ കാമ്പുള്ളതാവുന്നു .
1947ഓഗസ്റ്റ് 15ന് സ്വതന്ത്രയാവുന്ന നമ്മുടെ രാഷ്ട്രത്തിന്
ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന സ്വപ്നം വിദൂരമായിരുന്നു . എന്നാൽ
ഓരോ പൗരനേയും ചേർത്ത് പിടിക്കുന്ന ഭരണഘടനയിലൂടെയാണ് ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ്
മതേതര ജനാധിപത്യ റിപ്പബ്ലിക്കായി പിറവിയെടുക്കുന്നത് . ജനം, 25 വോട്ടിന് ദൈവങ്ങളെ തോൽപ്പിച്ചാണ്(constituent assembly ) ,
"We,
the people of India" എന്ന തുടക്കം നേടിയെടുക്കുന്നത് എന്നത് രസകരമായ ഒരു സത്യമാണ് . എന്നാൽ അംബേദ്കർ
ഭരണഘടനയിലൂടെ നേടിയെടുക്കാൻ ശ്രമിച്ചത് കേവലം രാഷ്ട്രീയമായ ജനാധിപത്യം(political democracy) ആയിരുന്നില്ല . മറിച്ച്
സാമൂഹികവും സാമ്പത്തികവും ആയ ജനാധിപത്യം ആണ് .
(Social and
Economic democracy) . ഈ ആശയം '' States and minorities ;what are
their rights and how to secure them in the constitution of free India '' എന്ന അംബേദ്കർ പുസ്തകത്തിൽ കടന്ന് വരുന്നതായി കാണാം . ഇത്തരത്തിൽ സാമ്പത്തികസമത്വവും,സാമൂഹികസമത്വവും,രാഷ്ട്രീയ സമത്വവും ഒന്നിച്ച് പുലരുന്ന സോഷ്യലിസ്റ്റ് ജനാധിപത്യ മാതൃകയായിരുന്നു അംബേദ്കറുടേത് . അത്തരം സങ്കൽപ്പങ്ങളെ ഭരണഘടനയിലെ നിർദേശക തത്വങ്ങളിലേക്ക് ചുരുക്കിയതോടെ നിയമപരമായ സുരക്ഷ അന്യമായി . ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയിൽ ഇന്നും പകുതിയിലേറെ ജനങ്ങൾക്ക് ന്യായമായ ആവശ്യങ്ങൾ അപ്രാപ്യമാവുന്നതിന്റെ അടിസ്ഥാനം ഇതാണ് .
''One man ,One vote
,One value '' എന്നതിൽ നിന്ന് ''One man One value '' എന്നതിലേക്കുള്ള ദൂരം ആയിരുന്നു അംബേദ്കർ മനസിലാക്കിയിരുന്നത് . എന്നാൽ സമത്വത്തോട് വിദൂരമായ പാർലമെന്ററി ജനാധിപത്യം മാത്രമാണ് ഇന്ത്യയിൽ ഇന്ന് ചർച്ചചെയ്യപ്പെടുന്നത് . ഇന്ന് അരങ്ങേറുന്ന ഭുരിപക്ഷത്തിന്റെ ഭീകരവാഴ്ച്ചയല്ല ജനാധിപത്യം . അംബേദ്കർ ഇതിന് കൃത്യമായ അവലോകനം നൽകുന്നുണ്ട് . '' ഭൂരിപക്ഷം ജനാധിപത്യപരമായി മാറുമ്പോൾ ന്യൂനപക്ഷ പ്രശ്നം നിലനിൽക്കുന്നില്ല
''
ഇവിടെയാണ് അദ്ദേഹം മുന്നോട്ട് വക്കുന്ന
തത്വങ്ങൾ സമകാലിക രാഷ്ട്രീയസാഹചര്യത്തിൽ വായിക്കപ്പെടേണ്ടത് . അതിലൊന്ന്
ശ്രേണീകൃത അസമത്വം (Graded inequality) ആണ് .ഒരു സവിശേഷ വർഗത്തിനും പ്രത്യേക മെച്ചം ഇല്ലാതിരിക്കുക എന്ന ആശയത്തിൽ ആണല്ലോ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ ഉൾച്ചേർക്കലിന്, സംവരണം നടപ്പിലാക്കുന്നത് . എന്നാൽ 'മെറിറ്റോക്രസി ' എന്ന മുദ്രാവാക്യത്തിൽ ഇന്ത്യയിൽ നിലനിൽക്കുന്ന സംവരണത്തെ ചോദ്യം ചെയ്യുന്നവർ ഏറെയാണ് . ഒരു വശത്ത് ,അർഹതപ്പെട്ടവരിലേക്ക് ഇതിന്റെ മെച്ചം എത്താതെ പോവുമ്പോൾ മറുവശത്ത് ഇന്നും 'ജാതിയും അയിത്തവും ' എല്ലാം ഒരു സത്യമാവുന്നു .
ചണചാക്കിലിരുന്ന് പഠിച്ച് ഭരണഘടനാശില്പി വരെയായി ഉയർന്ന അംബേദ്കറുടെ നാട്ടിൽ ,ദളിതന് ആരാച്ചാര്
ആവുന്ന തരത്തിൽ ഇന്നും ജാതി വേരൂന്നിയിരിക്കുന്നു . 2018 നും 2020നും ഇടയിൽ
1.3 ലക്ഷത്തിലധികം അത്തരം കേസുകൾ വെളിച്ചം കണ്ടു . 1932 ലെ പൂന കരാറിലേക്ക് എത്തിച്ച ഗാന്ധി-അംബേദ്കർ ചർച്ചകളും കൂട്ടി വായിക്കാം . ദളിതന് പ്രത്യേക പ്രാതിനിധ്യം തടഞ്ഞ, ഗാന്ധിയുടെ ഹരിജനങ്ങൾ എന്ന വിളിയെ, എങ്കിൽ നിങ്ങൾ ആരാണ് എന്ന ചോദ്യം കൊണ്ട് അംബേദ്കർ ചെറുത്തതാണ് . ഗാന്ധിയുടെയും അംബേദ്കറിന്റെയും വേഷത്തെയും ബ്രിട്ടീഷുകാരോടുള്ള സമീപനത്തെയും താരതമ്യം ചെയ്യുന്നവരോട് 'Anhilation of caste ' എന്ന പുസ്തകത്തിൽ മറുപടി പറയുന്നുണ്ട് . ഗാന്ധി ജാതിപരിഷ്കരണത്തെയും അംബേദ്കർ ജാതിനശീകരണത്തെയും മുന്നിൽ കണ്ടതാണ് വ്യത്യാസം .
അദ്ദേഹം ഓർമിപ്പിച്ച കാലിക പ്രസക്തിയുള്ള മറ്റൊരു കാര്യം 'പ്രതിപക്ഷത്തിന്റെ അനിവാര്യതയാണ് ' .സമ്പൂർണ്ണമായ ചർച്ചകൾ ഇല്ലാതെ പാർലമെന്റ്
നടപടിക്രമങ്ങളില് വരുന്ന അനാരോഗ്യകരമായ തടസ്സങ്ങള് ജനാധിപത്യത്തിന്റെ സൂചനയല്ല .മാത്രവുമല്ല എതിര് ശബ്ദങ്ങളെ രാജ്യദ്രോഹം ആക്കുന്നതും . നരേന്ദ്ര ദാബോല്ക്കര്‍ , ഗോവിന്ദ് പൻസാരെ, എം എം കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരുടെ നാട് കൂടിയാണ് ഇന്ത്യ. സെക്ഷൻ 144, ഐ ടി നിയമങ്ങൾ എന്നിവയെല്ലാം ജനാധിപത്യവിരുദ്ധമാവുന്നതും ഏറ്റവും ഒടുവിൽ ജിഗ്നേഷ് മേവാനിയുടെ കേസും ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനു മേൽ കൈകടത്തലാണ് . ആരോഗ്യകരമായ ചർച്ചകൾക്ക് രാഷ്ട്രീയക്കാരും വിദ്യാസമ്പന്നരാവേണ്ടതിൻ്റെ നേർ ഉദാഹരണമാണ് അംബേദ്കർ. ഒരു പത്രാധിപർ കൂടിയായിരുന്ന അദ്ദേഹം വിമർശനങ്ങളെ ജനാധിപത്യത്തിൻറെ കാതലായി കണ്ടിരുന്നു . എന്നാൽ നാലാംതൂണ് എന്ന് അവകാശപ്പെടുന്ന ഇന്നത്തെ മാധ്യമങ്ങൾ മാധ്യമ ധർമ്മം തന്നെ ബലി നൽകിയിരിക്കുന്നു. Constitutional morality is not a
natural sentiment. It has to be cultivated. We must realise that our people
have yet to learn it. അംബേദ്കറിൻ്റെ ഭരണഘടനാപരമായ ധാർമികതയെ കുറിച്ചുള്ള ഈ നിരീക്ഷണം ഇവിടെ സാർത്ഥകം ആകുന്നു .
രാഷ്ട്രീയ ജനാധിപത്യം(political democracy) വർഗീയ ജനാധിപത്യം(communal democracy) ആയി രൂപംകൊള്ളുന്നതാണ് അംബേദ്കർ ഏറ്റവും ഭയപ്പെട്ടിരുന്നത് . ഭൂരിപക്ഷവും വർഗീയമായി തീരുമ്പോൾ അത് ഉയർത്തുന്ന വെല്ലുവിളികൾ നിസ്സാരമല്ല. രാഷ്ട്രീയത്തിലെ കച്ചവട തന്ത്രം പോലെ അതിനെ മതവുമായി കൂട്ടിയിണക്കുന്നിsത്താണ് സമകാലിക സാഹചര്യം ഭരണഘടനാവിരുദ്ധം ആവുന്നത്.
ഏറ്റവുമൊടുവിൽ ഉണ്ടായ ജഹാംഗീർപുരിയിലെ സംഘർഷവും തുടർകഥയായ രാഷ്ട്രീയ കൊലപാതകങ്ങളും
ഇതിനു തുടർച്ചയാണ്. ബുൾഡോസർ രാഷ്ട്രീയം വർഗീയ രാഷ്ട്രീയത്തിൻറെ മറ്റൊരു മുഖം ആയി തീരലാണ് .
ഉത്തർപ്രദേശിലെ ഹിന്ദു മുസ്ലിം ജനവിഭാഗങ്ങളുടെ അനുപാതത്തിന് അനുസരിച്ച് തിരഞ്ഞെടുപ്പ് ഫലം (80% Vs 20%) നിർണ്ണയിക്കപ്പെടുന്നു എന്ന
തരത്തിലേക്ക് വരെ വർഗീയ രാഷ്ട്രീയം വേരൂന്നി കഴിഞ്ഞു.
എന്നാൽ 100 പേർ ഒരാൾക്കെതിരെ ഒന്നിച്ചു നിൽക്കൽ അല്ല അഥവാ ഭൂരിപക്ഷത്തിൻ്റേ ഭീകരത അല്ല ജനാധിപത്യം എന്ന് ജനങ്ങളും തിരിച്ചറിയുന്നില്ല. കുട്ടി കുരങ്ങന്മാരെ കൊണ്ട് ചുട് ചോറ് വാരിക്കുന്നത് പോലെ പൊതുബോധം(Public Consciousness ) ഇല്ലാത്ത സാധാരണക്കാരായ ജനങ്ങൾ ഇരകൾ ആക്കപ്പെടുന്നു . ഇതിൻറെ അപകടം 1927 ൽ തന്നെ അംബേദ്കർ ഓർമിപ്പിച്ചതാണ് . തൻറെ ഓർമ്മക്കുറിപ്പുകളിൽ 'No peon No water' എന്നെഴുതിയ അദ്ദേഹം തന്നെ മഹദ് സത്യാഗ്രഹത്തിന് ഇടയിൽ “It is not simply for drinking
water; drinking the water will not give us very much. It is not even a matter
of only of our human rights, though we fight to establish the right to drink
water. But our goal is no less than that of the French Revolution.'' എന്ന് പറയുന്നതിലേക്കുള്ള വളർച്ചയാണ് പൊതുബോധം.
' പൊതുവായത്' എന്നത് അംബേദ്കർ എന്നും പിന്തുണയ്ക്കുന്ന ആശയമായിരുന്നു. എങ്കിലും (നിർദേശകതത്വങ്ങളിലെ ആർട്ടിക്കിൾ 44) ഏകീകൃത സിവിൽ കോഡ് എന്ന അദ്ദേഹത്തിൻറെ സങ്കല്പം ഇന്നും ചർച്ചകളിൽ മാത്രം ഒതുങ്ങുന്നു. അടുക്കള മുതൽ അരങ്ങു വരെ ഇന്നും പുരുഷമേധാവിത്വം നിർബാധം തുടരുന്നത് മതത്തിൻറെ പരിരക്ഷകൊണ്ടാണ് എന്നു അദ്ദേഹം തിരിച്ചറിഞ്ഞു. എന്നാൽ മതത്തെ പൂർണമായും എതിർത്ത ആൾ ആയിരുന്നില്ല അംബേദ്കർ .
"I like the Religion that
teaches liberty , equality , fraternity " എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട് . എന്നാൽ ഇന്ന് ലാഭനഷ്ട കച്ചവടമായ മതത്തിന് അതിൻ്റെ ധാർമ്മിക ശക്തി ചോർന്നു പോയിരിക്കുന്നു. ആൾ ദൈവങ്ങളും , മത പരിവത്തനങ്ങളും ലൗ ജിഹാദും ഒക്കെ ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നത് ഇത് കൊണ്ടാണ്. മതം പൗരത്വം നിർണയിക്കുന്ന തരത്തിലേക്കാണ് മതേതര ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കുന്നത്.
“ Liberty and Property”എന്ന അമേരിക്കൻ നയമല്ല
സ്വാതന്ത്ര്യം സമത്വം സാഹോദര്യം(Liberty , Equality, Fraternity) എന്ന ത്രിത്വ സങ്കല്പത്തിൽ ആണ് അംബേദ്കർ വിശ്വസിച്ചത് . എന്നാൽ സമത്വത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള സ്വാതന്ത്ര്യം ഇന്ന് അന്യമാണോ എന്ന് സംശയിക്കാവുന്ന തരത്തിലേക്ക് സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യവും മാറി കഴിഞ്ഞിരിക്കുന്നു.
വടക്ക്, തെക്ക്, വടക്ക് കിഴക്ക് സംസ്ഥാനങ്ങൾക്ക് ഇടയിൽ , പ്രാദേശിക ഭാഷക്കും
ദേശീയ ഭാഷക്കും ഇടയിൽ , മത വിശ്വാസങ്ങൾക്ക് നടുവിൽ , കറുപ്പ് വെളുപ്പ് സങ്കൽപ്പങ്ങളിൽ , ലിംഗ വൈവിധ്യങ്ങൾക്കിടയിൽ സമത്വം എന്ന ആശയം എത്രത്തോളം ഇന്ന് പ്രാബല്യത്തിൽ വരുന്നു എന്ന് ചിന്തിക്കേണ്ടതാണ് . സാമ്പത്തിക പങ്കാളിത്തം , ആരോഗ്യം , വിദ്യാഭ്യാസം , രാഷ്ടീയ പങ്കാളിത്തം എന്നീ സൂചകങ്ങളിൽ ഇന്ത്യയിലെ ലിംഗ ഭേദ സൂചിക (Gender Gap Index ) യിൽ 62.5% വളർച്ചയാണ് ലോക സാമ്പത്തിക ഫോറം രേഖപെടുത്തിയിട്ടുള്ളത് . 2021 ഓക്സ് ഫാം (Oxfam) റിപ്പോർട്ട് സാമ്പത്തിക അസമത്വത്തിൻ്റെ നേർ ചിത്രമാണ് വരച്ചിടുന്നത് . ഇന്ത്യയിലെ ആദ്യ 10 ആളുകൾ സമ്പത്തിൻ്റെ 57% കൈയടക്കുമ്പോൾ അവസാന പകുതിയ്ക്ക് ഉള്ളത് വെറും 13% . വർദ്ധിച്ചുവരുന്ന സ്വകാര്യവൽക്കരണം ഈ വിവേചനത്തെ ത്വരിതപ്പെടുത്തുന്നു.
അംബേദ്കർ ചിന്തയിലെ സ്വാതന്ത്ര്യം എന്ന ആശയവും ഇന്ന്
നിറം മങ്ങുന്നു . യോജിക്കാൻ വിയോജിക്കാൻ ഇഷ്ടമുള്ളത് കഴിക്കാൻ ഇഷ്ടമില്ലാത്തത് ത്യജിക്കാൻ സ്വമേധയാ തിരഞ്ഞെടുക്കാൻ പിൻവലിക്കാൻ ഇങ്ങനെ വൈവിധ്യങ്ങളായ സ്വാതന്ത്ര്യങ്ങൾ ഇന്ന്
ഹത്യക്ക് ഇരയാവുന്നു . സാമൂഹത്തിലെ അശക്തരാക്കപ്പെട്ട സ്ത്രീകൾ , ദളിതർ,കുട്ടികൾ , ഭിന്നലിംഗക്കാർ,കുടിയേറ്റക്കാർ , അഭയാർത്ഥികൾ ഇങ്ങനെ ഓരോ വിഭാഗങ്ങളും പല തരത്തിലുള്ള ചൂഷണങ്ങൾക്ക് ഇരകൾ ആവുന്നു.
ഇതിനെല്ലാം ഇടയിൽ സാഹോദര്യം എന്ന വാക്കിൻ്റേ സത്ത് നഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു . മനുഷ്യ നന്മയുടെ ഭാവങ്ങൾ പൂർണമായും കാണാതിരിക്കുന്നില്ലെങ്കിലും
മാനവികത ചോർച്ച ഭീതിജനകം ആണ് . "Justice is another name of
liberty , equality, fraternity "എന്ന് കൂടി അംബേദ്കർ ഓർമ്മിപ്പിക്കുമ്പോൾ കോടതികളിൽ കെട്ടികിടക്കുന്ന 4.70 കോടി കേസുകളുടെ കണക്ക് ( മാർച്ച് 2022 ലെ കണക്ക് ) ഓർക്കേണ്ടതാണ് .
അംബേദ്കർ ദേശീയത ആണ് കാലത്തെ അടയാളപ്പെടുത്തുന്ന മറ്റൊന്ന് . അത് അഭയാർത്ഥികളെ സംശയിക്കുന്നത് അല്ല , ദേശീയ ഗാനത്തിന് എണീറ്റ് നിൽക്കണം എന്ന് നിർബന്ധം പിടിക്കൽ അല്ല .. മറിച്ച് സാമൂഹിക സാമ്പത്തിക രാഷ്ട്രീയ അരിക് വത്കരണത്തിലും " We are Indians Firstly and
Lastly " എന്ന് പറയുന്നതാണ് . എന്നാൽ തീവ്ര ദേശീയത രാജ്യത്തിൻ്റെ
സുരക്ഷയ്ക്ക് വരെ വെല്ലുവിളിയാവുന്നതാണ് ഇന്നത്തെ കാഴ്ച. ഇന്ത്യയുടെ ഭിന്നതകളെ തകർക്കൽ അല്ല വൈവിധ്യങ്ങളെ ആഘോഷിക്കുകയാണ് വേണ്ടതെന്ന് അംബേദ്കർ നമ്മെ
ഓർമ്മിപ്പിക്കുന്നു .
“ MY FINAL
WORDS OF ADVICE TO YOU ARE EDUCATE , AGITATE AND ORGANIZE,HAVE FAITH IN
YOURSELF “
-
ബി. ആർ. അംബേദ്കർ
ദേശാന്തരങ്ങൾ കണ്ടതിൽ ഏറ്റവും മഹനീയമായ ഈ വാക്കുകൾ ആവണം ഇന്ത്യൻ ജനതയുടെ സിരകളിൽ ഓടേണ്ടത് . ആശയങ്ങളും തുല്യതയും നീതിയും സമത്വവും സാഹോദര്യവും എല്ലാം ഭരണഘടനയിൽ ഒതുങ്ങാതെ പ്രാബല്യത്തിൽ വരുന്ന നല്ല നാളെക്കായി നമുക്ക് കൈ കോർക്കാം .
Comments
Post a Comment