സാഹിത്യത്തിലെ സ്ത്രീ - സമൂഹത്തിലെയും

                                      "Only literature mirrors and reflects our thoughts ,conduct,attitude,character,system,knowledge and life that we execute in our society. "

                                                                                             EHSAN SEHGAL 

                                     സാഹിത്യം പിറവിയെടുക്കുന്നതും പല മുഖങ്ങളും ആശയങ്ങളുമേറി വളരുന്നതും മനസുകള്‍ ഒന്നിക്കുന്നിടത്താണല്ലോ . അതുകൊണ്ട് തന്നെയാവാം സമൂഹത്തിന്റെ നേര്‍ചിത്രമായി അവ പരിഗണിക്കപ്പെടുന്നത് . "സ്ത്രീ "എന്ന ഏറ്റവും ദൈര്‍ഘ്യമേറിയ വിപ്ലവത്തെ പഠിക്കാന്‍  സാഹിത്യം ഒരു മാധ്യമമായി തിരഞ്ഞെടുക്കുന്നതിന്റെയും  കാരണം ഈ വീക്ഷണമാണ് . പ്രാചീനസാഹിത്യരചനകളിലെ വിരളമായ പെണ്ണെഴുത്തും അറിവിനെ ആയുധമാക്കിയ ആണ്‍രചനകളിലെ പെണ്‍ചിത്രവും സംസാരിക്കുന്നത് ഒരേ വിഷയമാണ് .

                       വിക്ടോറിയന്‍ യുഗത്തിലെ നിഷ്കളങ്കരായ , അജ്ഞരായ , ഒ .എന്‍ . വി മാഷിന്റെ ഭാഷയില്‍ "മറ്റുള്ളവര്‍ക്കായി അരഞ്ഞരഞ്ഞേ തീരും അരിയനാരീ ജന്മദുരിത സുകൃതങ്ങള്‍ " എഡ്വേര്‍ഡിയന്‍ യുഗത്തില്‍   എത്തുമ്പോള്‍ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ വെമ്പുന്ന സ്വാതന്ത്ര്യദാഹിയായ ഒരുവളായി പരിണമിക്കുന്നു . ആല്‍ഫ്രെഡ് ടെന്നിസണ്‍ന്റെ ' Lady of Shallot ',

ക്രിസ്റ്റീന റോസറ്റിയുടെ ' Goblin Market' , എ .എം . ഇര്‍വിന്റെ ' The Probationer' തുടങ്ങിയ കൃതികളില്‍ ഈ യുഗപരിണാമം വ്യക്തമാണ് . സാഹിത്യത്തിലാണോ , സമൂഹത്തിലാണോ സ്ത്രീബിംബം  ആദ്യം ശബ്ദമുയര്‍ത്തിയത് എന്നത് വശ്യമായ ഒരു സംശയമാണ് .     

                      

             ഇന്ത്യന്‍ സാഹചര്യം പരിശോധിക്കുന്നത് ഈ ചിത്രത്തിന് കൂടുതല്‍ മിഴിവേകും . ഋഗ്വേദം തുടങ്ങിയ വേദങ്ങളിലും , ഉപനിഷത്തുകളിലും മുനിയായ,തത്വജ്ഞാനിയായ,പുരുഷനോടൊപ്പം തുല്യപ്രാധാന്യമുള്ള ഗാര്‍ഗി, മൈത്രേയി തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങളെ കാണാം .​എന്നാല്‍ രാമായണവും മഹാഭാരതവും സംവദിക്കുന്ന സ്ത്രീത്വം വിഭിന്നമാണ് . സര്‍വ്വംസഹയായ സീതയും ,മഹാഭാരതയുദ്ധത്തിന് കളമൊരുക്കിയ ദ്രൗപദിയും അത്തരം ഭാവങ്ങളാണ് . അങ്ങനെ ശാലീന സുന്ദരിയായ യാതന,സഹനം,ത്യാഗം തുടങ്ങിയ ഗുണങ്ങള്‍ ഉള്ള ഒരുവശത്ത് സദാചാരം  മറുവശത്ത് പുരുഷന്റെ ആനന്ദമായും മാറ്റപ്പെടുന്ന വ്യക്തിത്വമില്ലാത്ത ഇരയെന്നോണം പെണ്‍ജീവിതം മഹനീയമായി അടയാളപ്പെട്ടു .ഈ ദാസ്യാവസ്ഥയെ മാതൃത്വത്തിന്റെ നിഴലില്‍ വാഴ് ത്തികൊണ്ടേയിരുന്നു.സിനിമകളും സംസാരിച്ചത് ഇങ്ങനെ തന്നെ.ഇന്ത്യന്‍ കവിതകളിലേക്ക് സ്ത്രീ വിഷയത്തെ ആദ്യമായി കൊണ്ടു വരുന്നത് മഹാദേവി വര്‍മ്മയാണ് .'ഘര്‍ ഓര്‍ ബാഹര്‍' എന്ന തലക്കെട്ടില്‍ തന്നെ ഫെമിനിസം എന്ന് വിളിച്ചേക്കാവുന്ന ആശയമുണ്ട് .

   ' Oh woman ! you are honour personified  

        under the silver mountain of faith ,

     flow you like a river of ambrosia

     on this beautiful earth '

ഈ വരികളിലൂടെ  കരുത്തേറിയ ഒരു മുഖം അശക്തര്‍ എന്ന് വാഴ് ത്തപ്പെട്ട പെണ്ണിന് നല്‍കിയത് ജയ്ശങ്കര്‍ പ്രസാദാണ്. ഇന്നോ അനിതാ ദേശായി , അനിതാ നായര്‍ , അമൃതാ പ്രിതം, സാറാ ജോസഫ് തുടങ്ങി ഒട്ടനവധി പെണ്‍ശബ്ദങ്ങള്‍   ശക്തമായി സംവദിക്കുന്നു. ഈ ശബ്ദം നവോത്ഥാനത്തിന്റെ സൂചനയാണല്ലോ !    

                        സംഘകാല കവികളിലെ ഔവ്വയാറിനെയും മറ്റ് കവയത്രികളെയും ഓര്‍ത്തുകൊണ്ട് കേരളത്തിലേക്ക് വരാം .രണ്ടാം ചേരസാമ്രാജ്യകാലത്താണ്  "കാരണവര്‍ , മരുമക്കത്തായം "തുടങ്ങിയ സമ്പ്രദായങ്ങള്‍ രൂപംകൊള്ളുന്നത് .പിന്നീടങ്ങോട്ട് 'മനുസ്മൃതിയും' ,കേരള ബ്രാഹ്മണര്‍ക്കിടയിലെ മറ്റ് ആചാരങ്ങളും സ്ത്രീ ജീവിതത്തെ ദുഷ്കരമാക്കി എന്ന് വേണം പറയാൻ.വിദ്യാഭ്യാസം ,വേദോച്ചാരണം ,തീര്‍ത്ഥാസനം എന്തിനേറെ മറ്റ് പുരുഷന്മാരെ  കാണുന്നതുപോലും അവർക്ക് വിലക്കപ്പെട്ടിരുന്നു . ഓരോ ഇല്ലങ്ങളിലും ഒന്ന് പാടാനോ ആടാനോ ആവാത്ത മറക്കുടയില്ലാതെ സ്വതന്ത്രരായി  പൊതു ഇടങ്ങളില്‍  നടക്കാന്‍ പോലും കഴിയാത്ത എത്രയോ നാരീസ്വപ്നങ്ങള്‍  തളയ്ക്കപ്പെട്ടു . ഉണ്ണിയാര്‍ച്ചയെ പാടി വര്‍ണ്ണിക്കുമ്പോഴും മുലക്കരം കൊടുക്കേണ്ടി വന്ന മാറുമറയ്ക്കല്‍ സമരം നടത്തേണ്ടി വന്ന നാട് കൂടിയാണ് എന്ന് വിസ്മരിച്ചു കൂടാ!' മറക്കുടയ്ക്കുള്ളിലെ മഹനഗരം' തന്റെ വിധിയല്ല എന്ന തിരിച്ചറിവോടെ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കെത്തിയ ' സ്ത്രീകള്‍ പിന്നീട് നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഊര്‍ജ്ജമായി മാറി .'അഗ്നിസാക്ഷി'യിലൂടെ പുതിയൊരു മാനത്തിന് തുടക്കമിട്ട ലളിതാംബിക അന്തര്‍ജ്ജനവും , ഒരു കൂട്ടത്തിന്റെ കഥ' എന്റെ കഥ 'യിലൂടെ പറഞ്ഞ മാധവിക്കുട്ടിയും ,പുതിയ മുഖങ്ങളായ അഷിതയും ,ഗ്രേസിയും, കെ ആര്‍ മീരയും എല്ലാം ഈ മാറ്റത്തിന്റെ കണ്ണികളാണ് .പുരുഷാധിപത്യത്തെ "പുരുഷന്മാരില്ലാത്ത ലോകം , പ്രേമഭാജനം ,വിവാഹങ്ങള്‍ സ്വര്‍ഗത്തില്‍ വച്ച് നടത്തപ്പെടുന്നു " തുടങ്ങിയ രചനകളിലൂടെ നിഷിദ്ധമായി വിമര്‍ശിച്ച കെ സരസ്വതിയമ്മയെ " വട്ട് സരസ്വതി " എന്ന് വിളിച്ച അതേ ചിന്താഗതിയാണ് പെണ്‍വിഷയത്തെ ഉയര്‍ത്തികാട്ടുന്നവരെ ഫെമിനിച്ചി എന്ന് വിളിക്കാന്‍ പ്രേരിപ്പിക്കുന്നത് .

    "പിതാ രക്ഷതി കൌമാരേ
     ഭര്‍ത്താ രക്ഷതി യൌവനേ
     പുത്രോ രക്ഷതി വാര്‍ദ്ധക്യേ
     ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി "

സ്ത്രീ സമൂഹത്തിന്റെ ഉത്തരവാദിത്വമായി മാറുന്നിടത്ത് അവൾ  അബലയാണ് എന്ന് വ്യാഖ്യാനിക്കുന്നതിൽ പൊരുളില്ല . ഗാർഹിക ജോലിയ്ക്ക് വേതനം ആവശപ്പെടുന്നതുവരെ ഈ വിപ്ലവം എത്തി കഴിഞ്ഞു . ഹാരി പോട്ടറിലെ ഹെർമിയോണി ഗ്രാൻഗറും , കെ ആർ മീരയുടെ ആരാച്ചാരും ഈ മാറ്റത്തിന്റെ പ്രതീകങ്ങളാണ് .       

                    അക്ഷരങ്ങളിലൂടെ അനശ്വരമായ സുഗതകുമാരി ടീച്ചറുടെ ഓർമയിൽ  കവിമുറ്റത്തെ പെൺ ശബ്ദങ്ങൾക്കായി  കാതോർക്കുന്നു . 


സാന്ദ്ര  സാറ ബിനോയ് 

 

 

 

Comments

Popular posts from this blog

WREAKING COVID 19 PANDEMIC-SECTORAL AND SPATIAL DIMENSIONS IN INDIA

SWINGING IN THE MEMORIES

ARE THE ENRAGED FARMERS A SIGN FOR A BETTER FUTURE ?